Template:Appeal/Kaldari/ml

From Donate
Revision as of 20:48, 2 November 2011 by Pcoombe (talk | contribs) (1 revision)
Jump to navigation Jump to search


ഇന്റർനെറ്റ് വളരെ രസകരമായ ഒന്നായിരുന്നു.

തൊണ്ണൂറുകളിൽ ഇന്റർനെറ്റിൽ വളരെയധികം വൈവിധ്യം ഉള്ളതുപോലെ തോന്നിയിരുന്നതിനാൽ ഇന്റർനെറ്റ് നല്ല ആളുകളുടെ ഒരു സമൂഹമായിട്ടാണ് പലരും നോക്കിക്കണ്ടത്. അന്ന് ഇന്റർനെറ്റ് ടെലിവിഷനേക്കാളും ഭേദമാണെന്ന് ആളുകൾ കരുതി, ഇന്ന് അങ്ങനെ ഒരു ചിന്ത ഇല്ലെങ്കിലും.

വിക്കിപീഡിയ നിർമ്മിച്ച സന്നദ്ധസേവകരിൽ ഒരാളാണ് ഞാൻ. അറിവ് പകർന്ന് കൊടുക്കുന്നത് പണം ഉണ്ടാക്കുന്നതിനേക്കാൾ പ്രാധാന്യമുള്ള കാര്യമാണെന്ന് അന്നേ ഞങ്ങൾ കരുതിയിരുന്നു. അതുകൊണ്ടാണ് ഇന്നും വിക്കിപീഡിയ ലാഭേച്ഛയില്ലാത്ത ഒരു സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്നതും, വിക്കിപീഡിയയിൽ ഇതുവരെ പരസ്യങ്ങൾ ഉണ്ടാകാത്തതും.

സെർവറുകൾ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുക ചെറിയ ഉദ്യോഗസ്ഥവൃന്ദത്തിന് ശമ്പളം നൽകുക എന്നിവയാണ് വിക്കിപീഡിയയുടെ പ്രധാനചെലവുകൾ. അതിനായി പരസ്യങ്ങളോ മറ്റ് വരുമാനസ്രോതസ്സുകളോ തേടുന്നതിനു പകരം വർഷാവർഷം ഞങ്ങൾ ജനങ്ങളോട് സംഭാവന ചോദിക്കുകയാണ് ചെയ്യാറ്. വ്യത്യസ്ഥമായി ഇങ്ങനെ എന്തെങ്കിലും ചെയ്യുന്ന വിക്കിപീഡിയ സമൂഹത്തിനെ സഹായിക്കാൻ വായനക്കാർ തയാറാകുമെന്ന് ഞങ്ങൾ കരുതുന്നു. അതിനായി $5, $10 എന്നിങ്ങനെ നിങ്ങളുടെ കഴിവിനുചിതമായി ഒരു തുക വിക്കിപീഡിയയ്ക്കായി സംഭാവന നൽകുക.

വർഷങ്ങളോളം വിക്കിപീഡിയയിൽ ഉപയോക്താവായി ഇരുന്നതിനുശേഷം, ഞാൻ ഒരു ഡെവലപ്പറായി വിക്കിപീഡിയയുടെ ഭാഗമായി. വിക്കിപീഡിയ പ്രവർത്തിപ്പിക്കാനായി ഉള്ള സംവിധാനങ്ങൾ വളരെ തുച്ഛമാണെന്ന് എനിക്ക് പറയാൻ സാധിക്കും.

ഗൂഗിളിന് പത്തുലക്ഷത്തോളം സെർവറുകളുണ്ട്. യാഹൂവിനാകട്ടെ ഏതാണ്ട് പതിമൂവായിരത്തോളം ജീവനക്കാരും. എന്നാൽ ഞങ്ങൾ വെറും നാനൂറു സെർവറുകളും 95 ജീവനക്കാരുമേയുള്ളൂ.

എന്നിട്ടും സന്ദർശകരുടെ കാര്യത്തിൽ വിക്കിപീഡിയ ലോകത്തെ അഞ്ചാം സ്ഥാനത്താണ്. ഓരോ മാസവും 42.2 കോടി വ്യത്യസ്ഥയാളുകൾ വിക്കിപീഡിയയിലെ താളുകൾ ശതകോടിക്കണക്കിന് വട്ടം സന്ദർശിക്കുകയും ചെയ്യുന്നു.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, നിങ്ങൾ $10 വിക്കിപീഡിയയ്ക്ക് സംഭാവന ചെയ്യുമ്പോൾ, അത് പലമടങ്ങായി വർദ്ധിക്കുന്ന ഫലം ചെയ്യുന്നു. ആ $10 ഒരു ഡെവലപ്പറുടെ ശമ്പളം നൽകാനായി ഉപയോഗിക്കപ്പെട്ടാൽ, അദ്ദേഹം പിന്നീടത് 1,000 വിക്കിപീഡിയ ഉപയോക്താക്കൾക്ക് മഹത്തായ എന്തെങ്കിലും കാര്യം ചെയ്യാനുതകുന്ന ഒരു കരു നിർമ്മിക്കാൻ ഉപയോഗിച്ചേക്കാം. അങ്ങനെ നിങ്ങളുടെ $10, മറ്റേത് വെബ്സൈറ്റുകളിൽ പ്രയോജനം ഉണ്ടാക്കുന്നതിനേക്കാളുമുപരി വിക്കിപീഡിയയിലൂടെ സാധാരണക്കാർക്ക് പ്രയോജനപ്പെടുന്നു.

നിങ്ങളുടെ സംഭാവന വിക്കിപീഡിയ മെച്ചപ്പെടുത്താൻ പ്രയോജനപ്പെടും. അങ്ങനെ നിങ്ങൾക്ക് ഇന്റർനെറ്റ് എത്ര തന്നെ മോശമാണെന്ന് തോന്നിയാൽപ്പോലും വിക്കിപീഡിയ ഉള്ളതുകൊണ്ട് ഇന്റർനെറ്റിനോട് ഇഷ്ടം തോന്നാം.

നന്ദി

റയാൻ കാൽഡാരി
വിക്കിപീഡിയ പ്രോഗ്രാമർ